Tuesday, January 9, 2018

പാലക്കാടൻ ലീലാവിലാസങ്ങൾ (Nelliyampathy, Palakkad, Kerala)


ചിന്താഭാരങ്ങൾ മന്തമാരുതനൊപ്പം തട്ടിയുണർത്തിയ പുലരി...
റൂമിൽനിന്നു കുളിക്കുന്നോർ കുളിച്ചും കുളി അലർജ്ജിക്കാർ സെന്റടിച്ചും യാത്ര തുടങ്ങി. ഇതിനിടയിൽ പൊറോട്ടയും മുട്ടക്കറിയും ശരീരത്തിന്റെ ഏതൊക്കെയോ മൂലകളിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരുന്നു.
ഇടുങ്ങിയും തുറസായതുമായ ഇടവഴി പലവഴി കയറി ഇരുളിൽ വെട്ടം വിതറിയൊരു മിന്നാമിനുങ്ങിനെപ്പോലെ നെല്ലിയാമ്പതിയിലേക്ക്‌.
വഴിയിൽ നേരേ നടത്താനും കുരുക്കിലാക്കാനും തയാറായി നാട്ടിലെ കാമറ കണ്ണുകൾ അവിടവിടായി സൊറപറഞ്ഞിരുപ്പുണ്ട്‌.
ദൂരമേറിയകൂട്ടത്തിൽ പ്രകൃതി മൊഞ്ചുള്ളൊരു കല്ല്യാണ പെണ്ണിനൊത്തു സുന്ദരിയായി തുടങ്ങി.
നെന്മാറ ഡാമിലൊന്നിറങ്ങി കുറച്ച്‌ വെയിലുകാഞ്ഞിറങ്ങി തുടർന്നു
ചെക്ക്‌ പോസ്റ്റിലെത്തിയപ്പോൾ അവിടെ ഒരേ ഓളം.
ഒരു വണ്ടിയിലെത്തിയ ഈരണ്ട്‌ ആൺക്കുട്ട്യോളെയും പെൺ കുട്ട്യോളെയും അകത്തേക്ക്‌ വിടാൻ ഫോർസ്റ്റുകാർ തയാറകുന്നില്ലാ.
സഹോദരിയാണെന്നും സഹൃദയരാണെന്നുമൊന്നും പറഞ്ഞിട്ടൊന്നും ഏക്കണില്ലാ ഫോറസ്റ്റുകാരപ്പോഴും "മടങ്ങിപ്പോ മക്കളേ" സ്റ്റാന്റിൽ തന്നെ നിന്നു.
കണ്ടിട്ടൊരു കള്ള ലക്ഷണം കുട്ട്യോൾക്കുമുണ്ട്‌ .ജന്മനാ ഉള്ള പ്രത്യേകതയാവാം അല്ലായിരിക്കാം. എന്തായാലും ഫോറസ്റ്റ്‌ ഡിപ്പാർട്ടുമെന്റിനു കൊടും കാട്ടീന്ന് കോണ്ടം പെറുക്കാൻ നേരവും താൽപ്പര്യവും ഇല്ലാത്തതിനെകൊണ്ട്‌ അത്തരം കലാരൂപങ്ങൾ അവരത്രകണ്ട്‌ പ്രോൽസാഹിപിക്കുന്നില്ല.
കൂടെ മുന്നിലിരിക്കണവൻ കാമറ ചറപറ മിന്നിച്ചുക്കൊണ്ടിരുന്നു.
അപ്പർ ഡെക്കും മിഡിൽ ഡെക്കുമൊക്കെയായി വ്യൂ പോയിന്റുകൾ കടന്ന് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെത്തി.
ഒരു ഭാഗത്ത്‌ ഫ്രഷ്‌ ഓറഞ്ച്‌. വേറൊരിടത്ത്‌ ഓറഞ്ച്‌ ഫാം പോലൊന്ന്.അങ്ങനെ മൊത്തത്തിലൊരു പ്രകൃതിയുടെ വികൃതിയാണിവിടം.
വെള്ളിയാഴ്ച്ചയായതുകൊണ്ട്‌ പള്ളിയിലേക്കു കയറി .ആകെമൊത്തമൊരു പോസിറ്റീവ്‌ എനർജ്ജിയാണവിടെ മുഴുവൻ നൽകുന്നത്‌... സുന്ദരമായി വളർന്നു നിൽക്കുന്ന തെയിലത്തോട്ടത്തിനു നടുവിൽ ഒരു പള്ളി.. പ്രാർത്ഥന കഴിഞ്ഞിറങ്ങി വീണ്ടും രഥം വലിച്ചു തുടങ്ങി..
സേതാർഗുണ്ട്‌ വ്യൂപോയിന്റ്‌ കവാടം കഴിഞ്ഞൊരു ചെക്ക്‌ പോസ്റ്റുകൂടി കാത്തിരിക്കുന്നു.വണ്ടീടെ നമ്പരും കയ്യിലെ പ്ലാസ്റ്റിക്ക്‌ വസ്ത്തുക്കളുടെ കണക്കുമെഴുതിയെടുത്ത്‌ നമ്മളാരെന്നും നമ്മളെന്തെന്നും കുറിച്ചെടുത്ത്‌ അനുവാദം ഒപ്പം അഭിവാദ്യവും .. സന്തോഷത്തോടെ സ്വാഗതം.
വാഹനം പാർക്കിങ്ങിലൊതുക്കി ഇറങ്ങി നടപ്പ്‌ തുടങ്ങി.
വഴിയിൽ ചെറിയ കുട്ടികളുമായി വലിയ കുട്ടികൾ പോകുന്നു.ഇതിനു രണ്ടിനുമിടയിൽ ഞാനടക്കമുള്ള യുവാക്കൾ.
നോട്ട്‌ ദാറ്റ്‌ ...ഇവിടെ നിരാശാകാമുകന്മാരില്ല.
പൈങ്കിളി കാമുകന്മാരില്ല.
ഇവിടെയുള്ളത്‌ ഒരുകൂട്ടം കാമുകന്മാർ .അവർ പ്രണയിച്ചത്‌ പ്രകൃതിയേയാണു. അതു പടച്ചവനേയാണു....
കാരണം ഇവിടെ റേഞ്ചില്ലേയ്‌ അതോണ്ട്‌ ഫോണൊക്കെ റെസ്റ്റാ.
കുറെ വാനരവംശം അവിടവിടായി ചുറ്റിയടിക്കുന്നു...
ഇട്ടുകൊടുക്കുന്നതെടുത്തും കൊടുക്കാത്തത്‌ തട്ടിപ്പറിച്ചും അവരും ലൈഫങ്ങനെ ഒരേ ഓളം.....
അവിടെയും കുറെ ഫോട്ടോകൾ .... കാമറ എന്തായാലും പുട്ടുണ്ടാക്കാൻ കൊണ്ടുവന്നതല്ലല്ലോന്ന് പറഞ്ഞ്‌ അവൻ ഫോട്ടോയെടുത്ത്‌ നിറച്ച്‌ കൊണ്ടിരുന്നു.
ഇനി നമ്മുടെ നെല്ലിയാമ്പതിയിലേക്ക്‌ വരട്ടെ.എന്താ പറയാ .... സുന്ദരം എന്നൊറ്റ  വാക്കിൽ ഒതുക്കിയാൽ കുറഞ്ഞു പോയേക്കാം ..കണ്ടറിയേണ്ടൊരു കാഴ്ച്ച തന്നെ .വർണ്ണിച്ചു കുളമാക്കാൻ എനിക്കറിഞ്ഞൂടാ എന്നതു മറ്റൊരു സത്യം .... അവിടങ്ങനെ ആ അഗാത ഗർത്തത്തിൽ അവിടവിടായി പല സ്ഥലങ്ങൾ കാണാൻ കഴിയും..
സാമാന്യം വേഗതയുള്ള കാറ്റും കൊണ്ട്‌ അവിടങ്ങനിരുന്ന് ഓർമ്മകൾ അയവിറക്കൻ തോന്നി..
പക്ഷേങ്കിൽ നേരമിരുട്ടും മുമ്പ്‌ കാടിറങ്ങേണ്ടതുള്ളതു കൊണ്ട്‌ തൽക്കാലം അയവിറക്കിയില്ല.
തിരികെ ഇറങ്ങിത്തുടങ്ങി... അൽപ്പം ശബ്ദത്തിൽ പാട്ടൊന്ന് മൂളിച്ച്‌ ആ മനോഹരിയോടു വിടപറഞ്ഞുകൊണ്ട്‌....ഇടവഴി പലവഴി കയറി എപ്പോഴതേം പോലെ ഇരുളിൽ വെട്ടം വിതറി............
.
.
instagram

Friday, February 10, 2017

വിധി തടയിട്ട ബ്ലോക്കിന്റെ വഴികൾ

നാലഞ്ച്‌ മാസങ്ങൾക്ക്‌ മുമ്പ്‌ ഒരു പുലരിയിൽ അഞ്ച്‌ പേരൊത്തൊരു യാത്ര പുറപ്പെട്ടു. മൂന്നാർ.
തണുത്തുറഞ്ഞ പ്രഭാതത്തിൽ അതിലും തണുത്തൊരു പ്രദേശത്തേക്ക്‌ ഒരു കാറും വാടകക്കെടുത്ത്‌ ഊന്നുകൽ അടിമാലി വഴി മൂന്നാർ.
പാലം പൊളിഞ്ഞപേരിൽ വഴിതിരിച്ചു വിട്ട വാഹനങ്ങളെല്ലാം ഒരേ വഴിയിൽ വന്നു ബ്ലോക്ക്‌ തുടങ്ങി .
ഇരുപതടി നീങ്ങിയാൽ പതിനഞ്ച്‌ മിനുട്ട്‌ അനങ്ങാൻ പറ്റൂല്ലാത്തൊരു അവസ്ഥ ഒരുവിധം മൂന്നാറെത്തി പള്ളിയിൽ കയറി.
വെള്ളത്തിന്റെ തണുപ്പ്‌ ശരീരമാസകലം മരവിപ്പിച്ചിരുന്നു.

ഏതൊരു കാലാവസ്ഥയിലും പ്രകൃതിയുടെ തനതായ മനോഹാരിതയും യാത്രയുടെ ഒരു പ്രത്യേക ആവേശവും ഉൾക്കൊള്ളുന്ന ചങ്ങാതി കൂട്ടമായതിനാൽ അതൊരു  പ്രശ്നമായി തോന്നിയതേയില്ല.
ഇടക്ക്‌ കാണുന്ന ഹോട്ടലുകളിലൊക്കെ കയറിയിറങ്ങി നാലാളു കണ്ടാൽ നാക്ക്‌ മലർത്തുന്ന തരത്തിൽ കഴിപ്പൊക്കെ മുറക്ക്‌ നടന്നു.

ഹോണിനൊഴിച്ച്‌ വാക്കിയെവിടൊക്കെയോ നല്ല ശബ്ദമാധുര്യമുള്ള വണ്ടിയാകയാൽ ഹോണടിച്ച്‌ ഒരുപാടൊന്നും ബുദ്ധിമുട്ടാൻ പോയില്ലാ.
ടോപ്പ്‌ സ്റ്റേഷൻ കണ്ടിട്ടേ മടങ്ങൂ എന്ന വാശിയുള്ളതിനാൽ അങ്ങോട്ടേക്ക്‌ തിരിച്ച ഞങ്ങളടക്കമുള്ള യാത്രക്കാർക്ക്‌ വലിയൊരു തടസമായി ബ്ലോക്കുകൾ ഉണ്ടായിരുന്നു.

എക്കോ പോയിന്റ്‌ കഴിഞ്ഞ്‌ തമിഴ്‌നാടു ബോർഡറിലേക്ക്‌ അങ്ങനാരും കടക്കുന്നില്ലായിരുന്നു.
ഇറങ്ങിത്തിരിച്ച ഒന്നിൽ നിന്ന് പിന്മാറാൻ തയാറല്ലാത്തതിനാൽ നേരെ ടോപ്പ്‌ സ്റ്റേഷനിലേക്ക്‌ പോകുമ്പോൾ  രാവിന്റെ മറ മൂടിത്തുടങ്ങിയിരുന്നു .
ഏഴുമണിയോടടുത്ത്‌ ടോപ്പ്‌ സ്റ്റേഷനിൽ എത്തുമ്പോൾ ഞങ്ങളെ കാത്ത്‌ തണുപ്പിന്റെ സന്ദേശം അറിയിക്കുവാനെത്തുന്ന കാറ്റും, തിരികെ പോകാൻ തയാറെടുക്കുന്ന കുറച്ചാളുകളും , ടെന്റടിച്ച്‌ രാവുറങ്ങാൻ തയാറെടുക്കുന്ന കുറെപേരും മാത്രം.

വ്യൂപോയിന്റൊക്കെ എപ്പൊഴോ അടച്ചു പോയിരുന്നു .
പ്രകൃതിയുടെ വരദാനമായ സൗന്ദര്യത്തിലും പണത്തിന്റെയും കച്ചവടത്തിന്റെയും കണ്ണികൾ പിടിമുറുക്കയിതിന്റെയൊക്കെ വലിയ തെളിവുകളാണവയെല്ലാം.

അവിടെനിന്ന് നോക്കുമ്പോൾ താഴ്‌വരയിലെങ്ങും തെളിഞ്ഞ്‌ കത്തുന്ന നക്ഷത്രങ്ങളെപ്പോലെ അങ്ങിങ്ങായി എന്തിന്റെയൊക്കെയോ വെളിച്ചങ്ങൾ.
വന്നകാര്യം മുഴുവൻ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും പിന്മാറാതെ അവിടേക്കെത്തിയ നിമിഷത്തെയോർത്തഭിമാനം കൊണ്ട്‌ തിരികെയിറങ്ങി നാട്ടിലേക്‌.
കൂട്ടിനു കുറേ ഇരുട്ടും, ഏതൊക്കയോ ഭാഷയിലെ പാട്ടുകളും കുറേ നല്ല ഓർമ്മകളും.
പിന്നെ എന്തിനും പോന്ന ചങ്ങാതിമാരും .
.
ശുഭം

Friday, January 27, 2017

രാവിനൊപ്പമൊരു പാലായനം(Palakkad,Kerala)

യാത്രയുടെ തുടക്കം......
വാഹനം നീങ്ങി തുടങ്ങി. ഇടക്കിടെ ചെറിയ യാത്രാ ഇടവേളകൾ. ഇരുട്ട്‌ പ്രതികാരമെന്നപോലെ തളം കെട്ടിയ രാവിൽ ഫ്ലൂറസെന്റ്‌ ലാമ്പുകളുടെ വെളിച്ചം പരവതാനി വിരിച്ച സുന്തരമായ കോയമ്പത്തൂർ റോഡ്‌ അതിസുന്തരിയായി കാണപ്പെട്ടു. അങ്ങിങ്ങായി ചില ചെറിയ തട്ടുകടകൾ ഒഴിച്ചാൽ വാക്കിയൊക്കെയും നിശബ്ദത.
റോഡിൽ കടന്ന് പോകുന്ന വാഹനങ്ങളുടെ ഇടക്കിടെയുള്ള മൂളലുകളും, ഇരമ്പലുകളും കൂട്ടിനു ചെറിയ ശബ്ദത്തിൽ പാട്ടുമിട്ട്‌ പതിയെ നീങ്ങുന്ന ഞങ്ങളും.
കൂട്ടത്തിലുള്ളവരിൽ ഒരാളൊഴിച്ച്‌ വാക്കി പങ്കാളികളെല്ലാം  സുഖനിദ്രയിൽ ആണ്ടുപൂണ്ടുറങ്ങുന്നു.    ഇടക്കെന്തോ തിരയാനെന്നപോലെ എണീറ്റ്‌ നോക്കുന്ന ഒരുവനും , ഡ്രൈവിംഗ്‌ സീറ്റിനരികിലെ ഗ്ലാസ്‌ താക്കാൻ പറ്റാത്തതിനാൽ തലയും കയ്യും വെളിയിലിട്ട്‌ അലറാൻ പറ്റത്തതിന്റെ വിഷമം ഉള്ളിൽ കടിചൊതുക്കി .

രണ്ടര മണിയോടടുത്തപ്പോൾ ഗൂഗിളിലെ പെൺകുട്ടി ഇടക്കിടെയായിട്ട്‌ ഞങ്ങൾ പാലക്കാട്‌ റോഡ്‌ കഴിഞ്ഞ്‌ നേരെ പോവുകയാണെന്ന് അലമുറയിട്ട്‌ പറയുന്നത്‌ കേട്ടു.
ഒറ്റ യൂ-ടേണിൽ തിരികെ വഴിതേടി ഒരു യാത്ര.
ഓവർ ബ്രിഡ്ജിറങ്ങി വലത്തേക്ക്‌ തിരിഞ്ഞ്‌ നേരെ പാലക്കാടിന്റെ മണ്ണിലേക്ക്‌.
പാലക്കാട്‌ ടൗണിലേക്കുള്ള വഴി ആവശ്യപ്പെട്ട ഞങ്ങളെ ഗൂഗിളിലെ കുട്ടി 600 മീറ്റർ വീതം ഒരേ സ്ഥലത്തിട്ട്‌ മൂന്നു തവണ കറക്കിയപ്പോൾ പാലക്കാട്‌ ടൗൺ ഏകദേശമെല്ലാം ഞങ്ങളെ ചുറ്റി കാണിക്കാൻ കൊണ്ടുപോയതാണെന്ന് 
സമാധാനിച്ചു.
നഗരം ഉണരാൻ ഇനി ഇനി അൽപ സമയം ബാക്കി. അതിനു മുമ്പ്‌ പ്രാർത്ഥന എന്ന ലക്ഷ്യത്തോടെ പള്ളിയന്വേഷിച്ച്‌ വഴിയരികിൽ വാഹനമൊതുക്കി പാലക്കാടിന്റെ മണ്ണിലേക്ക്‌ ആദ്യ കാൽപാദങ്ങൾ എടുത്തു നാട്ടി .
പാലക്കാടിന്റെ സത്വസിദ്ധമായ ആ കാറ്റിന്റെ കുളിരേറ്റുകൊണ്ട്‌ ...

Saturday, January 14, 2017

ഒരു യാത്രയുടെ മുന്നൊരുക്കങ്ങൾ

രാവിന്റെ അവസാന യാമം ആയിട്ടില്ല, മൂന്നാളുകൾ പള്ളിയുടെ പുറത്ത്‌ ഗാഡമായ ആലോചനയിലാണ്ടിരിക്കേ നാലാമൻ അവിടേക്ക്‌ കടന്നു ചെന്നു.
ആഗ്രഹം യാത്രയാണു, ലക്ഷ്യം അറിവും അനുഭവവുമാണു, തടസം പണമാണു, ആകെയുള്ളത്‌ സൃഷ്ടാവിനോടുള്ള ഭയവും സൃഷ്ടികളോടുള്ള ധൈര്യവുമാണു. അത്‌ മതിയല്ലോ ആശിച്ചത്‌ നേടാൻ.
അഞ്ചാളുകൾ ചേർന്നാൽ മൂന്നു ദിവസം നീളുന്ന ഏഴുകളറിൽ വിരിഞ്ഞ മഴവില്ലുപോലെ സുന്ദരമായ ദിനങ്ങളും അനുഭവങ്ങളും.

സ്വപ്നങ്ങൾ ഉയരങ്ങളിൽ നിന്നും വേണം തുടങ്ങാൻ എന്നതൊരു സ്വപ്നമായിരുന്നു. അതുകൊണ്ട്‌ രണ്ടാമതൊന്ന് അലോചിച്ചില്ല ആദ്യം തന്നെ ഉയരത്തിൽ നിന്നു തുടങ്ങി. തീരുമാനം കച്ചറ കമ്മിറ്റിയിൽ കൂടിയാലോചനക്ക്‌ വെച്ച സംഘം അഞ്ചാമനൊരുവൻ പിഞ്ചായി നഞ്ച്‌ കലരാത്ത നൻപൻ ആവണമെന്ന് ആശയുള്ളപ്പോൾ അങ്ങനൊരുവനേയും കൂട്ടിരുത്തി.

അങ്ങനെ തീരുമാനം പാലക്കാട്‌ ജില്ലയിലെ നെല്ലിയാമ്പതി എന്ന ഉയരം കൂടിയ സുന്ദരമായ നാട്ടിലേക്ക്‌ എത്തിനിന്നു.
അന്വേഷണം ഒപ്പം ആവേശം ഒപ്പത്തിനൊപ്പം മൽസരം വെചപ്പോൾ അത്‌ കുറച്ചൊന്ന് വികസിപ്പിച്ച്‌ ജില്ലയിൽ പരമാവധി കാണാൻ കഴിയുന്നതെല്ലാം യാത്രക്കുള്ളതാണെന്ന് ഉറപ്പിച്ചു.
അങ്ങനെ "വരുത്തപ്പെടാത വാലിബർ സംഘം" ദിനരാത്രങ്ങൾ എണ്ണി കഴിഞ്ഞുകൂടി..ഒപ്പം സ്വപ്നങ്ങളുടെ കുടുക്കയിൽ സ്വപ്ന സാഫല്യത്തിന്റെ നാണയങ്ങൾ പെറുക്കിയിട്ടുക്കൊണ്ടേയിരുന്നു.
പോകാനുള്ള വണ്ടിയും ഒപ്പിച്ചെടുത്ത്‌ വരുമ്പോളാണു രഥത്തിനു പേപ്പറൊന്നുമില്ലാന്നുള്ള സത്യം വെളിപ്പെട്ടത്‌ .അതിന്റെ പിറകേ നടന്നതും ശരിയാക്കി യാത്രക്കൊരുങ്ങി.
യാത്രയുടെ ദൈർഖ്യവും ദൂരവും സൗകര്യങ്ങളും സാമഗ്രികളും സന്തുലിതാവസ്തയും അളന്ന് കുറിച്ച്‌ സാമ്പത്തിക ബജറ്റ്‌ പാസാക്കി. സംഭാവനകൾ വർദ്ധിച്ചപ്പോൾ സ്വപ്നങ്ങൾക്ക്‌ സൗകര്യമേറി. ഇതിനൊക്കെയുമിടയിൽ സ്വപ്നസാക്ഷാത്കാരങ്ങൾ കാലത്തിന്റെ കുതറിയോട്ടത്തിൽ ആരും കാണാതെ പോകരുതെന്നുള്ള ആഗ്രഹം കൊണ്ട്‌ ഒക്കെയുമൊപ്പിയെടുക്കാൻ ക്യാമറയും ഒരുക്കി ആ ദിനത്തിനായി കാത്തിരുന്നു.

  . . . . . .